കറാച്ചി: പാക്കിസ്ഥാന് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ നടത്തിയ ആണവഭീഷണിക്ക് പിന്നാലെ, ഇന്ത്യക്കെതിരെ ഭീഷണി ആവര്‍ത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ച ബിലാവല്‍ ഇന്ത്യ ജലം തരാന്‍ തയ്യാറാവാത്ത പക്ഷം യുദ്ധമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും ഭൂട്ടോ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികള്‍ പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്ക്കാന് ജനങ്ങളോട് ആവശ്യപ്പെട്ടു. സംഘര്‍ഷം ആരംഭിച്ചത് പാക്കിസ്ഥാനല്ലെന്നും ഓപ്പറേഷന് സിന്ദൂര്‍ പോലുള്ള ആക്രമണങ്ങള്‍ ഇനിയും നടത്താനാണ് ഇന്ത്യയുടെ ഉദ്ദേശമെങ്കില്‍ പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യയിലെയും ജനങ്ങള്‍ പോരാടാന്‍ തയ്യാറാണെന്നും ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎസില്‍ പാക് വംശജരുടെ യോഗത്തില്‍ വെച്ചാണ് പാക് സൈനിക മേധാവി അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയത്. പാക്കിസ്ഥാന് ഒരു ആണവരാഷ്ട്രമാണെന്നും പാക്കിസ്ഥാനെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നും ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ മിസൈല്‍ അയച്ച് അത് തകര്‍ക്കുമെന്നും മുനീര്‍ ഭീഷണി മുഴക്കിയിരുന്നു.
