സെൻ്റ് ജോൺസ് : നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം തലസ്ഥാനനഗരമായ സെൻ്റ് ജോൺസിന് സമീപമുള്ള രണ്ടു നഗരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുമെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ അറിയിച്ചു. പാരഡൈസ്, കൺസെപ്ഷൻ ബേ സൗത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് മുൻകരുതൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതായി പ്രീമിയർ ജോൺ ഹോഗൻ പറഞ്ഞു. ജനങ്ങൾ കുറഞ്ഞത് 72 മണിക്കൂറെങ്കിലും വീടുകളിൽ നിന്ന് മാറിനിൽക്കാൻ ആവശ്യമായ അടിസ്ഥാന അടിയന്തര കിറ്റുകൾ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാട്ടുതീപുക വളരെ കട്ടിയുള്ളതിനാൽ വീടുകളോ മറ്റ് കെട്ടിടങ്ങളോ തീപിടുത്തത്തിൽ നശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രീമിയർ പറഞ്ഞു.

സെൻ്റ് ജോൺസ് നഗരമധ്യത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയുള്ള പാഡീസ് പോണ്ടിന് സമീപം തിങ്കളാഴ്ചയാണ് പുതിയ കാട്ടുതീ കണ്ടെത്തിയത്. തീ പെട്ടെന്ന് ഏകദേശം രണ്ട് ചതുരശ്ര കിലോമീറ്ററായി വളർന്നു. തീ അണയ്ക്കാൻ നാല് വാട്ടർ ബോംബറുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ചില വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾക്ക് സമീപമാണ് പാഡീസ് പോണ്ടിലെ തീ കത്തുന്നതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തം ഒരു ട്രാൻസ്മിഷൻ ലൈനിനെ ബാധിച്ചെങ്കിലും വൈദ്യുതി തടസ്സമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഫിൻലൻഡിൽ മൂന്നും ലാബ്രഡോറിൽ രണ്ടും അടക്കം ചൊവ്വാഴ്ച രാവിലെ വരെ, പ്രവിശ്യയിൽ അഞ്ച് കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നുണ്ട്.