ഹാലിഫാക്സ് : നഗരത്തിലെ ബേയേഴ്‌സ് ലേക്ക് മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സൂസീസ് ലേക്കിന് ജൂലിയസ് ബൊളിവാർഡിലെ ഡഗ്ഗർ മക്നീൽ ഡ്രൈവിലുള്ള കെട്ടിടത്തിന് പിന്നിലെ കാടുകളിൽ ആരംഭിച്ച കാട്ടുതീ മനുഷ്യ പ്രവർത്തനങ്ങൾ മൂലമാണ് ഉണ്ടായതെന്നും DNR റിപ്പോർട്ട് ചെയ്തു.

ആദ്യം ഏകദേശം 25 മുതൽ 30 ഹെക്ടർ വരെ കാട്ടുതീ പടർന്നതായി കണക്കാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ അത് ഏകദേശം 15 ഹെക്ടറാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബുധനാഴ്ച രാവിലെ മുതൽ 30 അഗ്നിശമന സേനാംഗങ്ങളും ഹാലിഫാക്സ് റീജനൽ ഫയർ & എമർജൻസിയിൽ നിന്നുള്ള ആറ് പേരും കാട്ടുതീ നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. അതേസമയം വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും കാട്ടുതീ നിലവിൽ ഭീഷണി ഉയർത്തുന്നില്ല.