ഓട്ടവ : വിദേശ പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്, സ്ഥിരതാമസം എളുപ്പമാക്കുന്ന മൂന്ന് പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറി ആരംഭിക്കാൻ ഒരുങ്ങുകയാണ് കനേഡിയൻ സർക്കാർ. ഫ്ലാഗ്ഷിപ്പ് ഇമിഗ്രേഷൻ സിസ്റ്റത്തിന് കീഴിൽ സീനിയർ മാനേജർമാർ, ശാസ്ത്രജ്ഞർ-ഗവേഷകർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന നൽകുന്നതിന് പൊതുജനാഭിപ്രായം തേടുകയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പൊതുജനങ്ങൾക്ക് 2025 സെപ്റ്റംബർ 3 വരെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്ഥിര താമസത്തിനായി ഏതൊക്കെ വിദേശ പൗരന്മാരാണ് അപേക്ഷിക്കേണ്ടതെന്ന് നിർണ്ണയിക്കുന്ന ഫെഡറൽ ആപ്ലിക്കേഷൻ മാനേജ്മെൻ്റ് സിസ്റ്റമാണ് എക്സ്പ്രസ് എൻട്രി. പുതിയ കാറ്റഗറികൾക്ക് അംഗീകാരം ലഭിച്ചാൽ, 2026-ലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എക്സ്പ്രസ് എൻട്രി സംവിധാനം കാനഡയിലുള്ള കഴിവുള്ളവരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണോ അതോ വിദേശ പൗരന്മാരെ ഉൾപ്പെടുത്തി റിക്രൂട്ട്മെൻ്റ് വികസിപ്പിക്കണോ എന്നും വകുപ്പ് പരിഗണിക്കുന്നുണ്ട്.

ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്‍റെയോ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ജീവനക്കാരുടെ ഒരു സംഘത്തെ നയിക്കുകയും ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരാണ് സീനിയർ മാനേജർമാർ. അത്തരം അപേക്ഷകരെ ആകർഷിക്കുന്നത്, പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരാനും, ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, സംഘടനാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ് പറയുന്നു.

ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മുൻഗണന നൽകുന്നത് ഉൽപ്പാദനക്ഷമതയും പ്രകടനവും വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും” സഹായിക്കുമെന്ന് ഐആർസിസി വാദിക്കുന്നു. അതേസമയം സഖ്യരാജ്യങ്ങളിൽ നിന്നുള്ള സൈനികരെ റിക്രൂട്ട് ചെയ്യുന്നത് കനേഡിയൻ സായുധ സേനയുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐആർസിസി പറയുന്നു.