ടൊറൻ്റോ : യുഎസ് താരിഫുകൾ ഏറ്റവും കൂടുതൽ ബാധിച്ച വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ആശ്വാസ നടപടികളുമായി ഒൻ്റാരിയോ സർക്കാർ. പ്രൊട്ടക്റ്റ് ഒൻ്റാരിയോ ഫിനാൻസിങ് പ്രോഗ്രാം എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി പ്രകാരം വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പകൾ നൽകും. പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവിശ്യയിലെ സ്റ്റീൽ, അലുമിനിയം, വാഹന മേഖലയിലെ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പയായി 100 കോടി ഡോളർ വരെ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പ്രഖ്യാപിച്ചു. സെക്ഷൻ 232 താരിഫുകൾ ബാധിച്ച കമ്പനികൾക്ക് മാത്രമേ ഇത് ബാധകമാകൂ. കുറഞ്ഞത് പത്ത് ജീവനക്കാരും 20 ലക്ഷം ഡോളർ വാർഷിക വരുമാനവും ഉള്ള കമ്പനികൾക്കാണ് വായ്പ ലഭിക്കുക. 2.5 ലക്ഷം മുതൽ 4 കോടി ഡോളർ വരെയായിരിക്കും വായ്പ തുക, ധനമന്ത്രി അറിയിച്ചു.

ശമ്പളം, ലീസ്, യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ എന്നിവയുൾപ്പെടെ പ്രവർത്തന മൂലധന വെല്ലുവിളികൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് ഈ പ്രോഗ്രാം ആശ്വാസമാകുമെന്ന് ബുധനാഴ്ച ക്വീൻസ് പാർക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ പ്രവിശ്യയിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതും സ്വാശ്രയവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.