വൻകൂവർ : അനിയന്ത്രിതമായി പടരുന്ന കാട്ടുതീ കാരണം പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പോർട്ട് ആൽബെർണി സിറ്റി. തിങ്കളാഴ്ച കണ്ടെത്തിയ മൗണ്ട് അണ്ടർവുഡ് കാട്ടുതീയിൽ 21.5 ചതുരശ്ര കിലോമീറ്ററിലധികം വനം കത്തിനശിക്കുകയും ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വൻകൂവർ ദ്വീപിലെ ഏറ്റവും വലിയ കാട്ടുതീയായി മാറി. കാട്ടുതീ ബുധനാഴ്ചയും നിയന്ത്രണാതീതമായി തുടരുകയാണെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.

കാട്ടുതീയെ തുടർന്ന് പോർട്ട് ആൽബെർണിക്കും ബാംഫീൽഡിനും ഇടയിലുള്ള പ്രധാന റോഡ് അടച്ചു. കൂടാതെ വൈദ്യുതി വിച്ഛേദിച്ചതായി ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. പോർട്ട് ആൽബെർണിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഏകദേശം 250 ക്യാമ്പ്‌സൈറ്റുകൾ സ്ഥിതി ചെയ്യുന്ന ചൈന ക്രീക്ക് ക്യാമ്പ്‌ഗ്രൗണ്ടിനും മറീനയ്ക്കും ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ആൽബെർണി-ക്ലയോക്വോട്ട് റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു.