വാഷിംഗ്ടൺ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുട്ടിനുമായി അലാസ്കയിൽ വെള്ളിയാഴ്‌ച നടക്കുന്ന ഉച്ചകോടിക്കു ശേഷം യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപും യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയും യുറോപ്യൻ നേതാക്കളും പങ്കെടുത്ത വെർച്വൽ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച അലാസ്കയിൽ നടക്കുന്ന ഉച്ചകോടി, മൂന്ന് വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ആദ്യം വേണ്ടത് റഷ്യ-യുക്രെയ്‌ൻ വെടിനിർത്തലാണെന്നും സമാധാന കരാർ പിന്നീട് മതിയെന്നും യുക്രെയ്‌ൻ പ്രസിഡൻ്റ് സെലെൻസ്കി പറയുന്നു. വൊളോഡിമിർ സെലെൻസ്കിയുടെ നിലപാടിൽ യുറോപ്യൻ നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ട്രംപ്-പുട്ടിൻ ഉച്ചകോടിക്ക് ശേഷം ട്രംപ് യുക്രെയ്‌ൻ, റഷ്യ പ്രസിഡൻ്റുമാർക്കൊപ്പം ത്രികക്ഷി യോഗം വിളിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ യോഗത്തിൽ നിർദ്ദേശിച്ചു. എല്ലാ കക്ഷികൾക്കും സ്വീകാര്യമായ നിഷ്പക്ഷ യൂറോപ്യൻ രാജ്യത്ത് ഈ യോഗം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
