സെൻ്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ നൂറിലധികം വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചതായി റിപ്പോർട്ട്. അതേസമയം കാട്ടുതീ മേഖലയിൽ പ്രവേശിക്കാനോ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താനോ ഇപ്പോഴും ജീവനക്കാർക്ക് കഴിയാത്തത്ര അപകടകരമാണെന്ന് പ്രീമിയർ ജോൺ ഹൊഗാൻ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് കൺസെപ്ഷൻ ബേയുടെ വടക്കുകിഴക്കൻ തീരത്ത് കാട്ടുതീ ആരംഭിച്ചത്. നിലവിൽ അത് 80 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വളർന്നതായി പ്രീമിയർ അറിയിച്ചു.

അനുകൂല കാലാവസ്ഥ സെൻ്റ് ജോൺസിനടുത്തുള്ള കാട്ടുതീ നിയന്ത്രിക്കാൻ സഹായിച്ചതായി ഫോറസ്ട്രി ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അതേസമയം ചൊവ്വാഴ്ച രാത്രി സെൻ്റ് ജോൺസ് നഗരമധ്യത്തിൽ പടർന്ന കാട്ടുതീ ഉണ്ടാക്കിയതിന് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി റോയൽ ന്യൂഫിൻലൻഡ് റിപ്പോർട്ട് ചെയ്തു.