മൺട്രിയോൾ : അർതബാസ്ക ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് ശേഷം കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) കോക്കസ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. ഉപതിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ബുധനാഴ്ച മന്ത്രിസഭാംഗങ്ങളുമായി ഏകദേശം അഞ്ച് മണിക്കൂർ പ്രീമിയർ ചെലവഴിച്ചിരുന്നു. ഇന്ന് നടക്കുന്ന കോക്കസ് മീറ്റിങ്ങിൽ അദ്ദേഹം 85 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പ്രീമിയർ വാഗ്ദാനം ചെയ്ത മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ആഴ്ചകൾക്ക് മുമ്പാണ് കോക്കസ് നടക്കുന്നതെന്നും ശ്രദ്ധേയമാണ്.

2012 മുതൽ സിഎക്യു കൈവശം വെച്ചിരുന്ന അർതബാസ്ക റൈഡിങ്ങിൽ തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി കെബെക്ക്വ സ്ഥാനാർത്ഥി അലക്സ് ബോസ്നോ വിജയിച്ചിരുന്നു. 2022-ൽ, കോളിഷൻ അവെനിർ കെബെക്ക് പാർട്ടി 52% വോട്ടുകൾ നേടിയ ഈ റൈഡിങ്ങിൽ ഇത്തവണ സിഎക്യു സ്ഥാനാർത്ഥിയായി മത്സരിച്ച കെവൻ ബ്രസ്സൂർ വെറും 7% വോട്ടുകൾ നേടി നാലാം സ്ഥാനത്തായി. അതേസമയം തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രീമിയർ 2026-ൽ നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.