ഓട്ടവ : ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ പണിമുടക്ക് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എയർ കാനഡ, എയർ കാനഡ റൂഷ് വിമാനങ്ങളുടെ എല്ലാ സർവീസുകളും നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരുപക്ഷത്തിനും കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ പണിമുടക്ക് ആരംഭിക്കും.

പണിമുടക്ക് പ്രതീക്ഷിച്ച് ഇന്ന് പുറപ്പെടാൻ നേരത്തെ നിശ്ചയിച്ചിരുന്ന അഞ്ഞൂറോളം വിമാനങ്ങൾ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ കാനഡ അറിയിച്ചു. അതേസമയം ശനിയാഴ്ച പൂർണ്ണമായി സർവീസ് നിർത്തിവെക്കും. റദ്ദാക്കലുകളെക്കുറിച്ച് യാത്രക്കാരെ ഇമെയിൽ, ടെക്സ്റ്റ് സന്ദേശം എന്നിവയിലൂടെ അറിയിക്കുമെന്ന് എയർ കാനഡ പറയുന്നു. വിമാനങ്ങൾ റദ്ദാക്കിയ ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകും.