ഓട്ടവ : പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ എയർലൈനുമായി ചർച്ച പുനഃരാരംഭിച്ചതായി എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. ടൊറൻ്റോയിൽ ഫെഡറൽ മധ്യസ്ഥൻ വില്യം കപ്ലാന്‍റെ സഹായത്തോടെ കരാറിലെത്താൻ ഇരുപക്ഷവും കൂടിക്കാഴ്ച ആരംഭിച്ചതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പ്രസിഡൻ്റ് വ്യക്തമാക്കി. എന്നാൽ, പണിമുടക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ ഫെഡറൽ ബാക്ക്-ടു-വർക്ക് ഉത്തരവ് ലംഘിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വരെ എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്ന് എയർ കാനഡ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ കാനഡ സിഇഒ അറിയിച്ചു. ചർച്ചകളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ ജോലിയിലേക്ക് മടങ്ങണമെന്ന് എയർ കാനഡ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരു കരാറിൽ എത്തുന്നതുവരെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്ന് യൂണിയനും വ്യക്തമാക്കി.