ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള ചര്‍ച്ച. തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍ ഇംപീച്ച്മെന്റ് നടപടിയ്ക്കായി ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം.
ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. പ്രമേയം പാസാകാന്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അത്രയും അംഗങ്ങള്‍ ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രതികൂലമായി മാറാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമപരായും ഭരണഘടനപരമായ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യാ സഖ്യം പരിശോധിച്ചുവരികയാണ്.