വാഷിങ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം അമേരിക്ക എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ലോകത്ത് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. കംബോഡിയയ്ക്കും തായ്ലന്ഡിനും ഇടയിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തരതലത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം യുഎസ് ശ്രദ്ധ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
റഷ്യ-യുക്രെയ്ന് വെടിനിര്‍ത്തല്‍ സാധ്യമാണോ എന്ന ചോദ്യത്തിനാണ് മാര്‍ക്കോ റൂബിയോയുടെ ഈ പരാമര്‍ശം. വെടിനിര്‍ത്തല്‍ സാധ്യമാകണമെങ്കില്‍ ഇരുപക്ഷവും പരസ്പരം വെടിയുതിര്‍ക്കുന്നത് നിര്‍ത്തണമെന്നും എന്നാല്‍ റഷ്യ അതിന് സമ്മതിക്കുന്നില്ലെന്നും റൂബിയോ പറഞ്ഞു. മൂന്നര വര്‍ഷത്തോളമായി തുടരുന്ന യുദ്ധം പൊടുന്നനെ വെടിനിര്‍ത്തലിലേക്ക് എത്തിക്കുന്നതില്‍ ഏറെ വെല്ലുവിളിയുണ്ട്. താല്‍ക്കാലിക വെടിനിര്ത്തലിനെക്കാളും ഭാവിയിലും സംഘര്‍ഷങ്ങള്‍ തടയാന്‍ സാധിക്കുന്ന സമാധാന കരാറാണ് ലക്ഷ്യമിടുന്നതെന്നും ചാനല്‍ പരിപാടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഓപ്പറേഷന് സിന്ദൂരിനും പഹല്‍ഗാം ഭീകരാക്രമണത്തിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ താന്‍ സഹായിച്ചുവെന്ന് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. തന്റെ ഇടപെടലാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് വഴിയൊരുക്കിയതെന്നും ട്രംപ് പലതവണ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.