ഹാലിഫാക്സ്: വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവും കാരണം നോവസ്കോഷയിലെ ബ്ലൂബെറി വ്യവസായം പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട് .മഴയുടെ അഭാവം 90 ശതമാനം വരെ വെള്ളമടങ്ങിയ ബ്ലൂബെറിയുടെ ഗുണനിലവാരത്തെ സാരമായി ബാധിച്ചു.

സീസണിൽ പതിവായി ലഭിക്കുന്ന മഴ വിളയുടെ ഗുണനിലവാരം നിലനിർത്താൻ സഹായിച്ചതായി വൈൽഡ് ബ്ലൂബെറി ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ഡേവിഡ് പെർസിവൽ പറഞ്ഞു. എന്നാൽ ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കാരണം വ്യവസായത്തിന് മഴയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ഡേവിഡ് പെർസിവൽ കൂട്ടിച്ചേർത്തു. ജലസേചന സംവിധാനം ബദൽ മാർഗമാണെങ്കിലും, പ്രവിശ്യയിലെ മണ്ണ് വെള്ളം പിടിച്ച് നിർത്താൻ അനുയോജ്യമല്ലാത്തതിനാൽ അത് നടപ്പിലാക്കുന്നത് ചെലവേറിയതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കൻ നോവസ്കോഷയിലെ കൃഷിയിടങ്ങളെയാണ് ഏറ്റവും കൂടുതൽ വരൾച്ച ബാധിച്ചത്. എന്നാൽ പ്രവിശ്യയിലുടനീളം കർഷകർ വെല്ലുവിളി നേരിടുന്നുണ്ട്.
