ഓട്ടവ : ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ച് കാനഡ റവന്യൂ ഏജൻസി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഫെഡറൽ യൂണിയൻ. കഴിഞ്ഞ വർഷം ഏകദേശം 3,300 കോൾ സെന്‍റർ ജീവനക്കാരെ പിരിച്ചുവിട്ടതായി യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് നാഷണൽ പ്രസിഡൻ്റ് മാർക്ക് ബ്രയേർ പറയുന്നു. ജീവനക്കാരുടെ കുറവ് കാനഡ റവന്യൂ ഏജൻസിയിൽ കോളുകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസത്തിനും, നീണ്ട കാത്തിരിപ്പിനും കാരണമായതായി അദ്ദേഹം പറഞ്ഞു. ഇതോടെയാണ് “കാനഡ ഓൺ ഹോൾഡ്” എന്ന കാമ്പെയ്‌ൻ ആരംഭിച്ചതെന്നും മാർക്ക് ബ്രയേർ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിലാണ് അവസാനമായി ജീവനക്കാരെ പിരിച്ചുവിട്ടത്. ഏകദേശം 1,300 ജീവനക്കാരെ പിരിച്ചുവിട്ടു. അതിന്‍റെ ആഘാതം ജനങ്ങൾക്കുള്ള സേവനത്തെ സാരമായി ബാധിച്ചതായി ബ്രയേർ പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, കോൾ സെന്‍റർ ജീവനക്കാരെ സംരക്ഷിക്കുക, ജീവനക്കാരെ വീണ്ടും നിയമിക്കുക എന്നിവയാണ് കാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യമെന്ന് ബ്രയേർ അറിയിച്ചു.

2028-29 ആകുമ്പോഴേക്കും പ്രോഗ്രാം ചെലവിൽ 15% വെട്ടിക്കുറവുകൾ നടത്താൻ ഫെഡറൽ സർക്കാർ മിക്ക വകുപ്പുകളെയും ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കാനഡ റവന്യൂ ഏജൻസിയുടെ 2025-26 ഡിപ്പാർട്ട്‌മെന്‍റൽ പ്ലാൻ പ്രകാരം, 2025-26 ലെ 50,804 ൽ നിന്ന് 2027-28 ൽ മുഴുവൻ സമയ ജീവനക്കാരുടെ എണ്ണം 47,732 ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.