മൺട്രിയോൾ : ഭീകരവാദ പ്രവർത്തനത്തെ തുടർന്ന് മൺട്രിയോളിൽ അറസ്റ്റിലായ കനേഡിയൻ സൈനികരിലൊരാൾ വാക്കോ ശൈലിയിലുള്ള കൂട്ടക്കൊലയ്ക്ക് തയ്യാറെടുത്തിരുന്നതായി കോടതി രേഖകൾ. ജൂലൈ എട്ടിന്, ആയുധങ്ങൾ ശേഖരിച്ചുവെന്നും കെബെക്ക് സിറ്റിക്ക് സമീപം ബലമായി ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് കനേഡിയൻ സൈനികർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സൈമൺ ആഞ്ചേഴ്സ്-ഔഡെറ്റ് (24), റാഫേൽ ലഗാസ് (25), മാർക്ക്-ഔറേൽ ചാബോട്ട് (24), മാത്യു ഫോർബ്സ് (33) .എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സമയത്ത് ഫോർബ്സും ചാബോട്ടും സൈന്യത്തിൽ സജീവ അംഗങ്ങളായിരുന്നുവെന്ന് കനേഡിയൻ സായുധ സേന അറിയിച്ചിരുന്നു.

നാലാമത്തെ പ്രതിയായ മാത്യു ഫോർബ്സ് (33) ആയുധക്കേസിൽ പ്രതിയാണ്. ജിപിഎസ് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കുന്നത് ഉൾപ്പെടെയുള്ള നീണ്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ജാമ്യം നൽകിയിട്ടുണ്ട്. മറ്റു പ്രതികൾക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയതിനും, അനധികൃതമായി തോക്കുകൾ സൂക്ഷിച്ചതിനും സ്ഫോടകവസ്തുക്കളും നിരോധിത ഉപകരണങ്ങളും കൈവശം വച്ചതിനും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.