ഓട്ടവ : യുഎസ് താരിഫ് മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കാനഡയിലെ നിരവധി ചെറുകിട സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട്. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന ചെലവുകൾ കാരണം രാജ്യത്തുടനീളമുള്ള 20 ശതമാനത്തോളം ചെറുകിട വ്യാപാരസ്ഥാപന ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

നിലയിലെ അവസ്ഥയിൽ ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് വലിയ സാധ്യതകളൊന്നുമില്ല. ചെലവുകൾ വഹിക്കാൻ ഉടമകൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവർ ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കൊറിൻ പോൾമാൻ പറയുന്നു. നിലവിലെ താരിഫ് സ്ഥിതി തുടരുകയാണെങ്കിൽ അഞ്ചിൽ ഒരാൾ (19 ശതമാനം) ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് ആറ് മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ലെന്ന് സിഎഫ്ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ പത്തിൽ നാല് ചെറുകിട വ്യാപാരികൾക്കും (38 ശതമാനം) ഒരു വർഷത്തിൽ താഴെ മാത്രമേ പിടിച്ചുനിൽക്കൂ എന്നും കൊറിൻ പോൾമാൻ ആശങ്കപ്പെടുന്നു. 41% വ്യാപാരസ്ഥാപനങ്ങളും വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിന്‍റെ ഫലമായി 36% നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും സിഎഫ്ഐബി പറയുന്നു.
