ഓട്ടവ : കാനഡ പോസ്റ്റും പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള ചർച്ച ഓഗസ്റ്റ് 25 തിങ്കളാഴ്ച വീണ്ടും ആരംഭിക്കും. കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് നിർദ്ദേശിച്ച ഓഫർ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന കാനഡ പോസ്റ്റിന്‍റെ തീരുമാനപ്രകാരമാണ് ഓഗസ്റ്റ് 20 വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ചർച്ച മാറ്റിവെച്ചത്. മെയ് മാസത്തിൽ കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫർ നിരസിക്കാൻ യൂണിയൻ വോട്ട് ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചിരുന്നു.

അതേസമയം ചർച്ച വൈകിപ്പിക്കാനുള്ള കാനഡ പോസ്റ്റ് തീരുമാനം, യൂണിയന്‍റെ ഏറ്റവും പുതിയതും അന്തിമവുമായ ഓഫർ വിലയിരുത്താൻ ക്രൗൺ കോർപ്പറേഷന് കൂടുതൽ സമയം ലഭിക്കുമെന്നും അടുത്ത തിങ്കളാഴ്ച, ഓഗസ്റ്റ് 25 ന് വീണ്ടും ചർച്ച ആരംഭിക്കുമെന്നും CUPW ഒരു പ്രസ്താവനയിൽ പറഞ്ഞു. കാനഡ പോസ്റ്റിനുള്ള പുതിയ ഓഫറിൽ നാല് വർഷത്തിനുള്ളിൽ മൊത്തം 19% വേതന വർധന ഉൾപ്പെടുന്നുവെന്ന് യൂണിയൻ വ്യക്തമാക്കി. എന്നാൽ, നാല് വർഷത്തിനുള്ളിൽ ഏകദേശം 13% വേതന വർധനയും പാർട്ട് ടൈം തൊഴിലാളികളെ കൂട്ടായ കരാറിൽ ചേർക്കുന്നതിനുള്ള പുനഃസംഘടനയുമാണ് കാനഡ പോസ്റ്റ് യൂണിയന് വാഗ്ദാനം ചെയ്തിരുന്നത്.