ന്യൂഡല്‍ഹി: ഇത്തവണത്തെ ഓണത്തിന് യാത്രക്കാര്‍ക്ക് വേറിട്ട അനുഭവം ഒരുക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്കൊപ്പം മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് ഓണസദ്യയൊരുക്കുന്നത്. ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് ഈ പ്രത്യേക സേവനം ലഭ്യമാവുക.
ഓണസദ്യ ആവശ്യമുള്ള യാത്രക്കാര്‍ക്ക് 18 മണിക്കൂര്‍ മുമ്പ് തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റായ airindiaexpress.com-ലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗതമായ വിഭവങ്ങള്‍ ചേര്‍ത്താണ് സദ്യ ഒരുക്കിയിരിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകാശത്തെ ഓണസദ്യയില്‍ മട്ട അരി, നെയ്പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടുകറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ വിഭവങ്ങള്‍ കസവ് കരയുള്ള പ്രത്യേക പാക്കറ്റുകളിലാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.
യാത്രക്കാര്‍ക്ക് ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും ആകാശത്ത് വെച്ചും ആസ്വദിക്കാന്‍ ഇത് അവസരം നല്‍കും. പരമ്പരാഗത കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കുന്ന ഈ ഓണസദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
