ഓട്ടവ : 395,000 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുക എന്ന ഈ വർഷത്തെ ഔദ്യോഗിക ലക്ഷ്യം കാനഡ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. 2025 അവസാനത്തോടെ ഏകദേശം 422,232 പുതുമുഖങ്ങൾക്ക് പ്രവേശനം ലഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യുടെ ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു.

ജനുവരി 1 മുതൽ ജൂലൈ 31 വരെ, ഐആർസിസി 266,800 ഇമിഗ്രേഷൻ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും 246,300 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തു. അതായത് വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ പ്രതിമാസം ശരാശരി 35,186 പുതുമുഖങ്ങൾ എന്ന നിലയിൽ ഇൻവിറ്റേഷൻ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രവണത തുടർന്നാൽ, ഡിസംബർ 31 ആകുമ്പോഴേക്കും കാനഡ 422,232 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2025–2027 ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ നിശ്ചയിച്ചിട്ടുള്ള 395,000 എന്ന ലക്ഷ്യത്തെ മറികടക്കും. ജൂലൈ 31 വരെ, 892,400 സ്ഥിര താമസ അപേക്ഷകൾ പ്രോസസ്സിങ് ഘട്ടത്തിലാണെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു. 443,500 (ഏകദേശം 50%) ബാക്ക്‌ലോഗ് ആയി തരംതിരിച്ചിട്ടുണ്ട്. അതായത് അവ സ്റ്റാൻഡേർഡ് പ്രോസസ്സിങ് സമയത്തേക്കാൾ കൂടുതലാണ്.