ഓട്ടവ: യുഎസിന് എതിരായ പ്രതികാര തീരുവ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തന്ത്രപരമായ നീക്കമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ്. കാനഡ-യുസ് -മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറിന്റെ (CUSMA) പരിശോധന വരാനിരിക്കുന്നതിനാൽ അമേരിക്കയെ തുടർന്ന് കൊണ്ടുപോകുന്നതിനായുള്ള തന്ത്രപരമായ നീക്കമാണിതെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇന്റർനാഷണൽ പോളിസി ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്‌സ് സീനിയർ വൈസ് പ്രസിഡന്റ് കാതറിൻ ഫോർട്ടിൻ ലെഫെയ്‌വർ പറഞ്ഞു.

യുഎസിനു മേലുള്ള തീരുവ നീക്കം ചെയ്യുന്നത് പോലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ വലിയ ചിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാകാമെന്ന് കാതറിൻ ഫോർട്ടിൻ ലെഫെയ്‌വർ പറയുന്നു. CUSMA അല്ലെങ്കിൽ USMCA അവലോകനത്തിന് തയാറെടുക്കുമ്പോൾ അനുകൂലമായ വ്യാപാര അവലോകന വ്യവസ്ഥകൾ സജ്ജമാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കാതറിൻ ഫോർട്ടിൻ ലെഫെയ്‌വർ വ്യക്തമാക്കി. കാനഡ കൂടുതൽ ശക്തമായ സമീപനം സ്വീകരിക്കാത്തതും കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യുന്നതും നിരാശാജനകമാണെന്നും അവർ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം വെള്ളിയാഴച്ചയായിരുന്നു അമേരിക്കയ്ക്ക് മേൽ ചുമത്തിയ പ്രതികാര തീരുവകൾ കാനഡ പിൻവലിക്കുന്നതായി കാർണി പ്രഖ്യാപിച്ചത്.