ഫ്ലോറിഡ : നഗരത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യൻ വംശജൻ ട്രക്ക് ഡ്രൈവറുടെ കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. 28 വയസ്സുള്ള ഹര്‍ജീന്ദര്‍ സിങിനെ പിന്തുണച്ച് Change.org എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഓൺലൈൻ നിവേദനത്തിൽ ഞായറാഴ്ച ഉച്ചവരെ ഏകദേശം 25 ലക്ഷം പേർ ഒപ്പിട്ടിട്ടുണ്ട്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാൻ്റിസിനും ഫ്ലോറിഡ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ക്ലെമന്‍സിക്കും നൽകിയിരിക്കുന്ന നിവേദനത്തിൽ നരഹത്യ കുറ്റങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരനായ ഹര്‍ജീന്ദര്‍ സിങ് ഓടിച്ചിരുന്ന ട്രക്കിലേക്ക് ഒരു മിനിവാൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഓഗസ്റ്റ് പന്ത്രണ്ടിന് ഫോര്‍ട്ട് പിയേഴ്സിലെ ഫ്ലോറിഡ ടേണ്‍പൈക്കില്‍ ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്ത ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറുകയായിരുന്നു. വാനിലെ മൂന്ന് യാത്രക്കാരും മരിച്ചിരുന്നു. ഓഗസ്റ്റ് 16-ന് കാലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ വെച്ച് അറസ്റ്റിലായ ഹര്‍ജീന്ദര്‍ സിങിന് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്നതും രാജ്യം വിടാനുള്ള സാധ്യതയും പരിഗണിച്ച് ജാമ്യം നിഷേധിച്ചിരുന്നു.