ഓട്ടവ : കഴിഞ്ഞ വർഷം ശക്തമായ മഞ്ഞുവീഴ്ചയായിരുന്നു രാജ്യത്തുണ്ടായതെങ്കിൽ ഇത്തവണത്തെ ശൈത്യകാലത്തെ നേരിടാൻ ഒരുങ്ങുന്ന കനേഡിയൻ പൗരന്മാർക്കൊരു സന്തോഷവാർത്ത. മൊത്തത്തിൽ, കാനഡയിലെ മിക്കവാറും എല്ലായിടത്തും ഈ ശൈത്യകാലത്ത് സാധാരണയേക്കാൾ അൽപ്പം കാഠിന്യം കുറയുമെന്ന് ദി ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്കിന്‍റെ കാലാവസ്ഥാ പ്രവചനം. തെക്കുകിഴക്കൻ ഒൻ്റാരിയോയിലും സമീപ പ്രദേശങ്ങളിലും ഒഴികെ, രാജ്യത്ത് സാധാരണയേക്കാൾ ഉയർന്ന ശൈത്യകാല താപനില പ്രതീക്ഷിക്കുന്നതായി ദി ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്ക് എഡിറ്റർ-ഇൻ-ചീഫ് കാരൾ കൊനാരെ പറയുന്നു. മിതശീതോഷ്ണ
പൊതുവായ പ്രവചനങ്ങൾ
കാനഡയുടെ വടക്കേ അറ്റത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. തെക്കൻ പ്രദേശങ്ങളിൽ ആലിപ്പഴം വീഴ്ച, മൂടൽമഞ്ഞ്, മഴ, മഞ്ഞുവീഴ്ച, മഞ്ഞുമഴ ലഭിക്കുമെന്നും ദി ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്ക് പ്രവചിക്കുന്നു. നൂനവൂട്ടിലും കെബെക്കിലും പടിഞ്ഞാറൻ ഒൻ്റാരിയോയിലും വടക്കുപടിഞ്ഞാറൻ, തെക്കൻ പ്രൈറീസിലും ബ്രിട്ടിഷ് കൊളംബിയയുടെ വടക്കേ അറ്റത്തും തെക്കൻ യൂകോണിലും താമസിക്കുന്നവർക്കാണ് കുടകളോ ജാക്കറ്റുകളോ ഏറ്റവും കൂടുതൽ ആവശ്യമായി വരിക. ഈ സ്ഥലങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഞ്ഞുവീഴ്ചയും മഞ്ഞുമഴയും ലഭിക്കും. അതേസമയം കാനഡയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണയേക്കാൾ മഞ്ഞുവീഴ്ചയും മഴയുമായിരിക്കും ലഭിക്കുകയെന്നും ഓൾഡ് ഫാർമേഴ്‌സ് അൽമാനാക് പ്രവചനത്തിൽ പറയുന്നു.

നോർത്തേൺ കാനഡ
2025-26 ശൈത്യകാലത്ത് യൂകോണിന്‍റെ തെക്കൻ പകുതിയിൽ കനത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലം ഉണ്ടാകുമെന്നും വടക്ക് ഭാഗത്ത് നേരിയതും വരണ്ടതുമായ കാലാവസ്ഥയായിരിക്കുമെന്നും അൽമാനാക്ക് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. നോർത്ത് വെസ്റ്റ് ടെറിറ്ററീസിലും നേരിയ മഞ്ഞുവീഴ്ചയും വരണ്ടതുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. നൂനവൂട്ടിലും സമാനമായ കാലാവസ്ഥയാണ് പ്രവചനത്തിലുള്ളത്.
അറ്റ്ലാൻ്റിക് കാനഡ
അറ്റ്ലാൻ്റിക് കാനഡയിൽ ശൈത്യകാലം സാധാരണയേക്കാൾ ചൂടായിരിക്കും, പതിവിലും കൂടുതൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് അൽമാനാക്കിന്‍റെ പ്രവചകർ പറയുന്നു. ഡിസംബർ തുടക്കത്തിലും മധ്യത്തിലും ജനുവരിയുടെ ഭൂരിഭാഗം സമയവും ഈ മേഖലയിലെ ഏറ്റവും തണുപ്പുള്ളതായിരിക്കും. കൂടാതെ നവംബർ മധ്യത്തിലും ഡിസംബർ മധ്യത്തിലും അവസാനത്തിലും ജനുവരി ആദ്യത്തിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും.

കെബെക്ക്
തെക്കൻ കെബെക്കിൽ ശൈത്യകാലം സാധാരണയേക്കാൾ ചൂടായിരിക്കുമെന്ന് ദി ഓൾഡ് ഫാർമേഴ്‌സ് അൽമാനാക്ക് പ്രവചിക്കുന്നു. മഴ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, തെക്കൻ മേഖലയിൽ പതിവിലും മഞ്ഞുവീഴ്ച കുറവായിരിക്കും. നവംബർ അവസാനത്തിലും ഡിസംബർ ആദ്യത്തിലും അവസാനത്തിലും ജനുവരി ആദ്യത്തിലും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കരുതുന്നു.
ഒൻ്റാരിയോ
പ്രവിശ്യയുടെ തെക്കുകിഴക്കൻ ഭാഗത്ത് സാധാരണയേക്കാൾ കനത്ത തണുപ്പുളള ശൈത്യകാലം പ്രതീക്ഷിക്കുന്നു. പക്ഷേ സാധാരണയേക്കാൾ മഞ്ഞുവീഴ്ച കുറവായിരിക്കും. അതേസമയം, ഒൻ്റാരിയോയുടെ വടക്കൻ ഭാഗത്ത് സാധാരണയേക്കാൾ കൂടുതൽ മഞ്ഞുവീഴ്ചയും മഴയും ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു. മൊത്തത്തിൽ, ഡിസംബർ മധ്യത്തിലും അവസാനത്തിലും, ജനുവരി ആദ്യത്തിലും അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. കൂടാതെ നവംബർ അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലും മധ്യത്തിലുമായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവുക.

പ്രൈറീസ്
ഈ ശൈത്യകാലത്ത് തെക്കൻ പ്രൈറീകളിൽ സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അൽമാനാക്കിന്‍റെ പ്രവചനങ്ങൾ അനുസരിച്ച്, പ്രദേശത്ത് പതിവിലും കൂടുതൽ മഴ ലഭിക്കും, മഞ്ഞുവീഴ്ചയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. ഏറ്റവും തണുപ്പുള്ള കാലയളവുകൾ നവംബർ അവസാനത്തിലും ഡിസംബർ ആദ്യത്തിലും ഫെബ്രുവരി ആദ്യത്തിലുമായിരിക്കും. നവംബർ അവസാനത്തിലും ഡിസംബർ ആദ്യത്തിലും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് അൽമാനാക്കിന്‍റെ വിദഗ്ധർ പറയുന്നു.
ബ്രിട്ടിഷ് കൊളംബിയ
തെക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ സാധാരണയേക്കാൾ ചൂടുള്ള ശൈത്യകാലം ഉണ്ടാകുമെന്നും നവംബർ അവസാനത്തിലും ഡിസംബർ ആദ്യത്തിലും ഫെബ്രുവരി ആദ്യത്തിലും തണുപ്പ് ഉണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. പ്രവിശ്യയുടെ വടക്കൻ പ്രദേശത്ത് സാധാരണയായി അനുഭവപ്പെടുന്നതിനേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവിശ്യയിൽ സാധാരണയിൽ കുറഞ്ഞ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നാൽ, നവംബർ ആദ്യം തന്നെ മഞ്ഞുവീഴ്ച ആരംഭിക്കും.