ടൊറൻ്റോ : മിസ്സിസാഗ, ബ്രാംപ്ടൺ, ടൊറൻ്റോ എന്നിവിടങ്ങളിലും തെക്കൻ ഒൻ്റാരിയോയിലുടനീളവും നടന്ന നൂറുകണക്കിന് വാഹനമോഷണക്കേസിൽ ഓട്ടവയിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 24-ന് രാജ്യ തലസ്ഥാനത്ത് നടന്ന റെയ്‌ഡിൽ നിരവധി കാർ മോഷണ ഉപകരണങ്ങളും ക്രാക്ക് കൊക്കെയ്നും കൊക്കെയ്നും പിടിച്ചെടുത്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 2023 ഡിസംബറിൽ ആരംഭിച്ച പ്രോജക്റ്റ് വെക്ടർ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഒപിപിയുടെ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യൽ ഓട്ടോ തെഫ്റ്റ് ആൻഡ് ടോവിങ് ടീം പ്രതികളെ പിടികൂടിയത്. ഒൻ്റാരിയോയിൽ നിന്നും കണ്ടെത്തിയ വാഹനങ്ങൾക്ക് ഏകദേശം മൂന്ന് കോടി 45 ലക്ഷം ഡോളർ വിലമതിക്കുമെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച കാറുകളിൽ പലതും ഭവനഭേദം, മോഷണം എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇന്നുവരെ, ഒൻ്റാരിയോയിൽ നിന്നും കെബെക്കിൽ നിന്നും മോഷ്ടിച്ച രണ്ടായിരത്തോളം വാഹനങ്ങൾ പ്രോജക്ട് വെക്ടർ വഴി കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആ ആഡംബര കാറുകളുടെ ആകെ മൂല്യം ഒരു കോടി 59 ലക്ഷം ഡോളറിൽ കൂടുതലാണെന്ന് അധികൃതർ വെളിപ്പെടുത്തി.

കാനഡയിലുടനീളമുള്ള നഗരങ്ങളിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം തുടക്കത്തിൽ മൺട്രിയോളിൽ മോഷ്ടിച്ച 598 വാഹനങ്ങൾ കണ്ടെത്തി. ഈ വാഹനങ്ങളിൽ 215 എണ്ണം ടൊറൻ്റോയിൽ നിന്നും 125 എണ്ണം മിസ്സിസാഗ, ബ്രാംപ്ടൺ എന്നീ നഗരങ്ങളിൽ നിന്നും മോഷ്ടിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ 58 എണ്ണം യോർക്കിൽ നിന്നും 19 വാഹനങ്ങൾ ഹാൽട്ടൺ മേഖലയിൽ നിന്നും മോഷ്ടിച്ചതാണ്.