ഹാലിഫാക്സ് : പ്രവിശ്യയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക പടർന്നതോടെ പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ വായൂമലിനീകരണം രൂക്ഷമായതായി കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. അന്നാപൊളിസ് കൗണ്ടിയിൽ നിന്നുള്ള കാട്ടുതീ പുക മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനൊപ്പം ഹാലിഫാക്സ് മേഖലയിലുടനീളം മൂടിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലുനെൻബർഗ് കൗണ്ടിയിലും പുക പടരുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. അതേസമയം കിങ്‌സ്, ഹാന്റ്സ് കൗണ്ടികളിൽ പുകപടലങ്ങൾ അടിഞ്ഞുകൂടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു.

ഈ സീസണിൽ പ്രവിശ്യയിലെ ഏറ്റവും വലിയ തീപിടുത്തമായ ലോങ് ലേക്ക് കാട്ടുതീയോട് അടുത്ത പ്രദേശങ്ങൾ വായു ഗുണനിലവാര മുന്നറിയിപ്പിന് കീഴിലാണ്. പുക കാരണം വായുവിന്‍റെ ഗുണനിലവാരം വ്യത്യാസപ്പെടുന്നുണ്ടെന്നും തീപിടുത്തത്തിന് സമീപം അപകടസാധ്യത വർധിക്കുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. പുകയുടെ അളവ് കൂടുന്നതിനനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കും. പുക ഏറ്റവും കട്ടിയുള്ള സ്ഥലങ്ങളിൽ കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥതയ്‌ക്കൊപ്പം തലവേദനയോ നേരിയ ചുമയോ ഉണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.