ഓട്ടവ : കോൾ സെന്‍റർ ഏജൻ്റുമാരുടെ കുറവ് പരിഹരിക്കാൻ നടപടിയുമായി കാനഡ റവന്യൂ ഏജൻസി (CRA). സെപ്റ്റംബർ 5-ന് അവസാനിക്കുന്ന 850 ജീവനക്കാരുടെ കരാറുകൾ 2026 മാർച്ച് 31 വരെ പുതുക്കി നൽകിയതായി ഏജൻസി അറിയിച്ചു. ജീവനക്കാരുടെ കരാർ പുതുക്കുമെന്ന് രണ്ടാഴ്ച മുമ്പ് CRA അറിയിച്ചിരുന്നു.

കരാറുകൾ പുതുക്കാനുള്ള കാനഡ റവന്യൂ ഏജൻസിയുടെ തീരുമാനത്തിൽ യൂണിയൻ സന്തുഷ്ടരാണെന്ന് കാനഡ റവന്യൂ ഏജൻസി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം കാനഡ റവന്യൂ ഏജൻസിയിൽ കോളുകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസത്തിനും, നീണ്ട കാത്തിരിപ്പിനും കാരണമായതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് CRA-യിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതൽ കാനഡ റവന്യൂ ഏജൻസി മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി യൂണിയൻ പറയുന്നു. ഇതിൽ 1,300 കോൾ സെന്‍റർ ജീവനക്കാരുടെ കരാറുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ഉൾപ്പെടുന്നു.