എഡ്മിന്‍റൻ : ആൽബർട്ടയുടെ മിക്കഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ സസ്കാച്വാനിലെ ചില പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇരു പ്രവിശ്യകളിലെ പകൽ സമയത്തെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ആൽബർട്ടയുടെ വടക്കൻ ഭാഗങ്ങളായ ഹൈ ലെവലിൽ നിന്ന് കാനഡ-യുഎസ് അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ പകൽ താപനില 29 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 10 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ പറയുന്നു.

സസ്കാച്വാനിൽ, ബ്യൂവൽ, ലാ റോഞ്ച്, വെയാക്വിൻ തുടങ്ങിയ പ്രദേശങ്ങളിൽ പകൽസമയത്ത് 30 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില ഉയരാൻ സാധ്യതയുണ്ട്. രണ്ട് പ്രവിശ്യകളിലെയും ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.