ഓട്ടവ : പണിമുടക്കുന്ന പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സും (CUPW) കാനഡ പോസ്റ്റും കരാർ ചർച്ച പുനഃരാരംഭിച്ചു. കരാർ ചർച്ച ഷെഡ്യൂൾ ചെയ്യുന്നതിനായി ഫെഡറൽ മധ്യസ്ഥർ വഴി ക്രൗൺ കോർപ്പറേഷനെ സമീപിച്ചതായി 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPW അറിയിച്ചു. ഇരുപക്ഷവും തമ്മിൽ മുമ്പ് ആസൂത്രണം ചെയ്ത രണ്ട് കരാർ ചർച്ച റദ്ദാക്കിയതിന് ശേഷമാണ് ഇന്ന് വീണ്ടും മീറ്റിങ്ങിന് എത്തുന്നത്. അതേസമയം ഓവർടൈം ദേശീയ നിരോധനം നിലനിൽക്കുന്നതായി യൂണിയൻ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 20 ന് സമർപ്പിച്ച പുതിയ ഓഫറുകൾ പരിശോധിച്ച ശേഷം കാനഡ പോസ്റ്റ് മുന്നോട്ടുവെച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുമെന്ന് യൂണിയൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കരാർ ചർച്ച ആരംഭിക്കാൻ ഇരുപക്ഷവും തയ്യാറായായിരുന്നെങ്കിലും യൂണിയന്‍റെ ഏറ്റവും പുതിയ ഓഫറുകൾ പരിശോധിക്കാൻ കോർപ്പറേഷന് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ കാനഡ പോസ്റ്റ് മീറ്റിങ് റദ്ദാക്കിയതായി യൂണിയൻ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിൽ, കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറുകൾ പോസ്റ്റൽ ജീവനക്കാർ നിരസിച്ചിരുന്നു.