വൻകൂവർ : പ്രവിശ്യയിലെ വീട്ടുടമസ്ഥര്‍ക്ക് അടുത്ത വർഷം റെസിഡൻഷ്യൽ വാടക 2.3% മാത്രമേ വർധിപ്പിക്കാൻ അനുവദിക്കൂവെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ പ്രഖ്യാപിച്ചു. 2026 ൽ വാർഷിക വാടക വർധന 2.3 ശതമാനമായി പരിമിതപ്പെടുത്തുന്നതായി ഭവന മന്ത്രാലയം അറിയിച്ചു. ഇത് 2025-ൽ മൂന്ന് ശതമാനവും 2024-ൽ 3.5 ശതമാനവുമായിരുന്നു.

നിരക്ക് വർധന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുനിസിപ്പല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ ക്രിസ്റ്റീന്‍ ബോയ്ല്‍ പറഞ്ഞു. വാടകയിലുള്ള ഈ നിയന്ത്രണം അന്യായമായ വാടക വര്‍ധനവില്‍ നിന്നും ആളുകളെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുടമസ്ഥര്‍ റെസിഡൻഷ്യൽ ടെനൻസി ആക്ട് പാലിക്കുകയും വാടകക്കാർക്ക് മൂന്ന് മാസത്തെ അറിയിപ്പ് നൽകുകയും ചെയ്യണമെന്ന് മന്ത്രാലയം പറയുന്നു. കൂടാതെ 12 മാസ കാലയളവിൽ ഒരിക്കൽ മാത്രമേ വാടക വർധിപ്പിക്കാൻ കഴിയൂ. അനുവദനീയമായ വാടക വര്‍ധ 2026 ജനുവരി 1 ന് മുമ്പ് പ്രാബല്യത്തില്‍ വരില്ലെന്നും മന്ത്രി അറിയിച്ചു.
