യെല്ലോ നൈഫ് : കാട്ടുതീ പടർന്നു പിടിച്ചതോടെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. വാട്ടി കമ്മ്യൂണിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏകദേശം 500 നിവാസികളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റിയിൽ നിന്നും ഒഴിഞ്ഞു പോകുന്നവർ വാട്ടി സാംസ്കാരിക കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. ഇവർക്കായി യെല്ലോ നൈഫിലും ബെഹ്ചോക്കിയിലും സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്മ്യൂണിറ്റി സർക്കാർ അറിയിച്ചു. ഒഴിപ്പിക്കൽ ശ്രമങ്ങളെ സഹായിക്കുകയും ഒഴിപ്പിക്കൽ വഴികളിൽ പട്രോളിംഗ് നടത്തുകയും ചെയ്യുമെന്ന് ആർസിഎംപി അറിയിച്ചു.

ഈ മാസം ആദ്യം ഇടിമിന്നലിൽ നിന്ന് പടർന്നു പിടിച്ച കാട്ടുതീ ശക്തമായ കാറ്റ് കാരണം വാട്ടി കമ്മ്യൂണിറ്റിയ്ക്ക് അപകടസാധ്യത വർധിച്ചതായി അധികൃതർ പറയുന്നു. ഈ മേഖലയിൽ തുടരുന്ന ചൂടും വരണ്ടതുമായ കാലാവസ്ഥ കാരണം, ഈ ആഴ്ച ആദ്യം ഒരു രാത്രിയിൽ നാല് കിലോമീറ്റർ വരെ തീ പടർന്നുപിടിച്ചിരുന്നു. 2022 മുതൽ നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ വരൾച്ച നിലനിൽക്കുന്നു.
