ടൊറൻ്റോ : കഴിഞ്ഞയാഴ്ച സ്കാർബ്റോ ടൗൺ സെന്‍ററിനുള്ളിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ 17 വയസ്സുള്ള രണ്ട് യുവാക്കളെ ടൊറൻ്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ 300 ബറോ ഡ്രൈവിലെ തിരക്കേറിയ ഷോപ്പിംഗ് മാളിൽ ഡാനിയേൽ അമലാത്താസ് (19) ആണ് വെടിയേറ്റ് മരിച്ചത്. മാളിലെ ഫുഡ് കോർട്ടിനടുത്തുള്ള ഫാമിലി വാഷ്‌റൂമിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഡാനിയേലിനെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സമീപത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഓഗസ്റ്റ് 28 വ്യാഴാഴ്ച, ടൊറൻ്റോ സ്വദേശികളായ 17 വയസ്സുള്ള രണ്ട് യുവാക്കളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA) കാരണം, ഇരുവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2025-ൽ ടൊറൻ്റോയിൽ നടന്ന 27-ാമത്തെ കൊലപാതകമായിരുന്നു ഇത്. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.