ഓട്ടവ : സിറ്റി ഓഫ് ഓട്ടവയുമായി താൽക്കാലിക കരാറിലെത്തിയതായി OC ട്രാൻസ്‌പോയിലെ ഡ്രൈവർമാർ, മെക്കാനിക്കുകൾ, മറ്റ് മുൻനിര ജീവനക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. 21 ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് കരാറിൽ എത്തിയതെന്ന് അമാൽഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ (ATU) ലോക്കൽ 279 സിഡൻ്റ് നോഹ വൈൻബർഗ് പറഞ്ഞു. മുൻ കരാർ 2025 മാർച്ച് 31-ന് അവസാനിച്ചിരുന്നു. അതേസമയം യൂണിയനുമായി താൽക്കാലിക കരാറിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് മേയർ മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു.

കരാറിന്‍റെ വിശദാംശങ്ങൾ ATU രാജ്യാന്തര വൈസ് പ്രസിഡൻ്റുമായി ചർച്ച ചെയ്ത ശേഷം യൂണിയൻ അംഗങ്ങളുടെ അംഗീകാരത്തിനായി അവതരിപ്പിക്കും. തുടർന്ന് ഈ കരാറിൽ വോട്ടെടുപ്പ് നടത്തുമെന്നും നോഹ വൈൻബർഗ് അറിയിച്ചു. പുതിയ കരാറിൽ വേതന വർധന, ശരിയായ നഷ്ടപരിഹാരം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ജോലി/ജീവിത സന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കരാറിന് അംഗീകാരം ലഭിക്കാത്തതിനാൽ താൽക്കാലിക കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

സിറ്റി കൗൺസിലർമാർക്കും മേയർക്കും അയച്ച മെമ്മോയിൽ, താൽക്കാലിക കരാർ യൂണിയൻ അംഗീകരിച്ചുകഴിഞ്ഞാൽ അംഗീകാരത്തിനായി സിറ്റി കൗൺസിലിന് സമർപ്പിക്കുമെന്ന് ഇടക്കാല സിറ്റി സോളിസിറ്റർ സ്റ്റുവർട്ട് ഹക്സ്ലി പറഞ്ഞു. കരാറിനെക്കുറിച്ചുള്ള ഒരു ഇൻ-കാമറ ബ്രീഫിംഗ് സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നു.