മൺട്രിയോൾ : കെബെക്കിലെ മൗറീസി മേഖലയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പേർ മരിച്ചതായി സുറെറ്റെ ഡു കെബെക്ക് (എസ്‌ക്യു) റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ റൂട്ട് 457 ന് സമീപമുള്ള ലാ ടുക്കിലെ വനപ്രദേശത്താണ് സംഭവം.

സംഭവസ്ഥലത്ത് എത്തിച്ചേരാൻ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം വൈകി. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് തീപിടുത്തവും ഉണ്ടായതായി അധികൃതർ അറിയിച്ചു. പ്രദേശവാസികളാണ് തകർന്ന വിമാനം കണ്ടെത്തിയത്. തുടർന്ന് എസ്‌ക്യു പട്രോളിങ് ഉദ്യോഗസ്ഥർ ഓൾ-ടെറൈൻ വാഹനത്തിൽ അപകടസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു. പട്രോളിങ് ഉദ്യോഗസ്ഥർ രണ്ടു പേരെ കണ്ടെത്തി. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചു.