വൻകൂവർ : ചൂടും വരണ്ടതുമായ കാലാവസ്ഥ തുടരുന്നത് കാരണം ബ്രിട്ടിഷ് കൊളംബിയയിൽ കാട്ടുതീയുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. പ്രവിശ്യയിലുടനീളം കഴിഞ്ഞ ബുധനാഴ്ച വരെ 68 കാട്ടുതീകൾ ആയിരുന്നത് ഞായറാഴ്ച രാവിലെ ഏകദേശം 140 വരെയായി ഉയർന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. സജീവമായ തീപിടുത്തങ്ങളിൽ 75 ശതമാനത്തിലധികവും ഇടിമിന്നൽ മൂലമാണെന്ന് ഏജൻസി അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബ്രിട്ടിഷ് കൊളംബിയയിലുടനീളം ഏകദേശം 4,400 ഇടിമിന്നലുകൾ ഉണ്ടായതായി ബിസി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. ഇത് പ്രധാനമായും കരിബൂ, തീരദേശ മേഖലകളിലാണ്.

നിയന്ത്രണാതീതമായ കാട്ടുതീ കാരണം ത്സെറ്റ്സി തടാക പ്രദേശത്തിനടുത്തുള്ള 62 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ ഉത്തരവ് കരിബൂ റീജനൽ ഡിസ്ട്രിക്റ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയതിനുശേഷം ഇടിമിന്നൽ മൂലമുണ്ടായ സെറ്റ്സി തടാകത്തിലെ തീപിടുത്തത്തിന്റെ വിസ്തീർണ്ണം ഏകദേശം 10 ചതുരശ്ര കിലോമീറ്ററായി വളർന്നു. കിഴക്കൻ കൂട്ടെനെയ്‌സിൽ ഉണ്ടായ മറ്റൊരു കാട്ടുതീ, ബുഗാബൂ പ്രവിശ്യാ പാർക്ക് അടച്ചുപൂട്ടാനും ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകാനും കാരണമായി. ഞായറാഴ്ച വരെ സിൽവർ ബേസിൻ കാട്ടുതീ 1.5 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിയന്ത്രണാതീതമായി കത്തിയമർന്നതായി ബിസി വൈൽഡ് ഫയർ സർവീസ് പറയുന്നു.

കാട്ടുതീ പുക കാരണം വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. വായു ഗുണനിലവാര മുന്നറിയിപ്പ് 48 മണിക്കൂർ വരെ പ്രാബല്യത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.