ടൊറൻ്റോ : ഒൻ്റാരിയോ പോർട്ട് എഡ്വേർഡിലുള്ള ബ്ലൂ വാട്ടർ ബ്രിഡ്ജിൽ നിന്നും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 349 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ആകെ മൂല്യം നാല് കോടി 34 ലക്ഷം ഡോളർ വരും.

ഓഗസ്റ്റ് 13 ന്, യുഎസിൽ നിന്ന് എത്തിയ ട്രക്കിൽ നടത്തിയ പരിശോധനയിൽ ആറു പെട്ടികളിലായി കൊക്കെയ്ൻ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സിബിഎസ്എ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ഭാരം 150 കിലോഗ്രാം ആയിരുന്നു. അതിന്‍റെ മൂല്യം ഒരു കോടി 88 ലക്ഷം ഡോളർ ആയിരുന്നു. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ 28 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു.

അടുത്ത ദിവസം ഓഗസ്റ്റ് 14 ന് യുഎസിൽ നിന്നും എത്തിയ മറ്റൊരു ട്രാക്ടർ-ട്രെയിലർ പരിശോധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വാഹനത്തിൽ നിന്നും രണ്ടു കോടി 49 ലക്ഷം ഡോളർ വിലമതിക്കുന്ന 199 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള എറ്റോബിക്കോ സ്വദേശിയെ ആർസിഎംപി അറസ്റ്റ് ചെയ്തു. ഇരുപ്രതികൾക്കുമെതിരെ മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അന്വേഷണങ്ങൾ തുടരുന്നു, ആർസിഎംപി പറഞ്ഞു.