ടൊറൻ്റോ : റിച്ച്മണ്ട് ഹില്ലിൽ വീടിന് തീപിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന 11 വയസ്സുള്ള പെൺകുട്ടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഏകദേശം 3:15 ന് സ്കൈവുഡ് ഡ്രൈവിനും റോളിംഗ് ഹിൽ റോഡിനും സമീപമുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്. സംഭവം മനഃപൂർവ്വം തീയിട്ടതാണെന്ന് കരുതുന്നതായി യോർക്ക് പൊലീസ് അറിയിച്ചു.

തീപിടുത്തമുണ്ടായ സമയത്ത് വീടിനുള്ളിൽ നാല് പേർ ഉണ്ടായിരുന്നതായും ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയതായും യോർക്ക് പൊലീസ് പറയുന്നു. പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് നാല് മുതിർന്നവരെയും പെൺകുട്ടിയേയും ഗുരുതര പരുക്കുകളോടെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 2 ന് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് നാല് പേർക്കും 20 നും 70 നും ഇടയിൽ പ്രായമുണ്ട്. എല്ലാവരുടെയും നില ഗുരുതരമാണ്.

അന്വേഷണത്തിൽ വീടിനടുത്തുള്ള ഒരു മരത്തിനടിയിൽ ഒരു ചുവന്ന ഗ്യാസ് കാനിസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ച് പ്രദേശം മുഴുവൻ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് യോർക്ക് പൊലീസ് അഭ്യർത്ഥിച്ചു.