വൻകൂവർ : അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വടക്കൻ വൻകൂവർ ദ്വീപിലെ ചില ഭാഗങ്ങളിൽ ലാൻഡ്‌ലൈൻ, സെൽഫോൺ സർവീസ് തടസ്സപ്പെട്ടതായി ടെലികോം ദാതാവായ ടെലസ് അറിയിച്ചു. പോർട്ട് മക്‌നീൽ, പോർട്ട് ഹാർഡി എന്നീ നഗരങ്ങളിൽ ഹോം ഫോൺ, മൊബൈൽ, ഇന്‍റർനെറ്റ്, 911 ലാൻഡ്‌ലൈൻ സർവീസ് എന്നിവയൊന്നും ലഭ്യമല്ല. കൂടാതെ വൻകൂവർ ദ്വീപിലെ അലേർട്ട് ബേ, കാംബെൽ റിവർ, പോർട്ട് ആലീസ് എന്നിവയുൾപ്പെടെയുള്ള മറ്റ് കമ്മ്യൂണിറ്റികളെയും ഈ തടസ്സം ബാധിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടെങ്കിൽ ജനങ്ങൾ 911 എന്ന നമ്പറിൽ വിളിക്കാൻ ശ്രമിക്കണമെന്ന് എമർജൻസി ഇൻഫോ ബി.സി. സോഷ്യൽ മീഡിയയിൽ പറയുന്നു. എന്നാൽ, 911 ലാൻഡ്‌ലൈൻ സർവീസ് ലഭ്യമല്ലെങ്കിൽ അയൽക്കാരിൽ നിന്നോ സമീപത്തുള്ള മറ്റുള്ളവരിൽ നിന്നോ സഹായം തേടണമെന്നും ഏജൻസി അഭ്യർത്ഥിച്ചു.