വൻകൂവർ : പണിമുടക്ക് കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ. തിങ്കളാഴ്ച രാവിലെ സറേയിൽ അടുത്ത ഘട്ടത്തെക്കുറിച്ച് യൂണിയൻ നേതാക്കൾ പ്രഖ്യാപിക്കും. 152-ാം സ്ട്രീറ്റിലെ പ്രവിശ്യാ ഗവൺമെൻ്റ് ഓഫീസിന് സമീപം രാവിലെ പത്ത് മണിക്ക് BCGEU പ്രസിഡൻ്റ് പോൾ ഫിഞ്ച് പണിമുടക്ക് എങ്ങനെ ശക്തമാക്കുമെന്ന് അറിയിക്കും.

ജൂലൈയിൽ ബി.സി. പബ്ലിക് സർവീസ് ഏജൻസിയുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മുപ്പതിനായിരത്തിലധികം പബ്ലിക് സർവീസ് അംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയൻ സെപ്റ്റംബർ 2 മുതൽ പണിമുടക്ക് ആരംഭിച്ചു. ഏകദേശം 93% അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചതോടെ ഓഗസ്റ്റ് 29-ന് യൂണിയൻ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി. പ്രവിശ്യയിലുടനീളമുള്ള സർക്കാർ ജീവനക്കാർ തുടർച്ചയായ അഞ്ചാം ദിവസമാണ് പണിമുടക്കുന്നത്. സറേ, വിക്ടോറിയ, പ്രിൻസ് ജോർജ്, മറ്റ് കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിലെ പ്രവിശ്യാ ഓഫീസുകൾക്ക് സമീപം യൂണിയനൈസ്ഡ് ജീവനക്കാർ പ്രകടനം നടത്തിവരികയാണ്. ഐസിബിസി ബ്രാഞ്ചുകളിലും വിവിധ സർക്കാർ സർവീസ് കേന്ദ്രങ്ങളിലും ഇതിനകം തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.