ലൊസാഞ്ചലസ്: അമേരിക്കയിലെ ലൊസാഞ്ചലസില്‍ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി ഇരുപത്തിയാറുകാരനായ കപിലാണ് കൊല്ലപ്പെട്ടത്. ലൊസാഞ്ചലസില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന കപില്‍ തന്റെ ജോലി സ്ഥലത്തിന് സമീപത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്.
2022ലാണ് കപില്‍ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപില്‍. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താന്‍ കപില്‍ ഏജന്റിന് നല്‍കിയത്. പിന്നാലെ അമേരിക്കയില്‍ അറസ്റ്റിലായ ഇദ്ദേഹം, നിയമപരമായി പുറത്തിറങ്ങി. ഇവിടെ തന്നെ ജോലി ചെയ്യാനും തുടങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിന്റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. നാട്ടിലുള്ള രണ്ട് സഹോദരിമാരുടെയും അച്ഛന്റെയും ഏക ആശ്രയമായിരുന്നു യുവാവ്. കടയ്ക്ക് മുന്നില്‍ അമേരിക്കക്കാരനായ ഒരാള്‍ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് കപിലും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പ്രതി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചുവെന്നുമാണ് പൊലീസില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അമേരിക്കയിലുള്ള കപിലിന്റെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ആവശ്യപ്പെട്ട് അധികൃതരെ കാണുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.