ഓട്ടവ : വേനൽക്കാലം അവസാനിക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീടുകളുടെ വില മൂന്ന് ശതമാനം വർധിച്ചതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. ഓഗസ്റ്റിൽ വിറ്റഴിച്ച വീടുകളുടെ ശരാശരി വിൽപ്പന വില 686,635 ഡോളർ ആയി. 2024 ഓഗസ്റ്റിൽ ഇത് 646,000 ഡോളർ ആയിരുന്നു. 2025 ജനുവരി മുതൽ ഇന്നുവരെയുള്ള ശരാശരി വിൽപ്പന വില 700,828 ഡോളർ ആണ്. ഇത് മുൻ വർഷത്തേക്കാൾ മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.1% വർധനയിൽ ഓട്ടവയിൽ 2025 ൽ ഇതുവരെ 9,936 വീടുകൾ വിറ്റഴിച്ചതായി റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഓഗസ്റ്റിൽ 1,236 വീടുകൾ വിറ്റഴിക്കപ്പെട്ടു. 2024 ഓഗസ്റ്റിൽ ഇത് 1,110 വീടുകളായിരുന്നു. ജൂലൈയിൽ 1,318 വീടുകളും കോണ്ടോമിനിയങ്ങളും വിറ്റഴിക്കപ്പെട്ടു, ജൂണിൽ 1,602 വീടുകളും വിറ്റഴിക്കപ്പെട്ടു. ഓഗസ്റ്റിൽ ആകെ 2,121 പുതിയ വീടുകൾ വിൽപ്പനയ്ക്കായി വിപണിയിലെത്തിയതായും ബോർഡ് റിപ്പോർട്ട് ചെയ്തു.