Monday, September 8, 2025

മുല്ലപ്പൂവിന് ഒന്നര ലക്ഷം ഫൈനോ!; ഓസ്ട്രേലിയയില്‍ മുല്ലപ്പൂ പ്രശ്നക്കാരന്‍ ആയതിന്റെ കാരണമറിയാം

സിഡ്‌നി: ഒരു മുഴം മുല്ലപ്പൂവിന് ഒന്നര ലക്ഷം രൂപ ഫൈന്‍, ഓണക്കാലത്ത് നമ്മള്‍ ഞട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. അച്ഛന്‍ സമ്മാനിച്ച മുല്ലപ്പൂവുമായി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി നടി നവ്യ നായര്‍ക്ക് കൊടുക്കേണ്ടി വന്നത് 1,980 ഓസ്‌ട്രേലിയന്‍ ഡോളര്‍ ഏകദേശം 1.25 ലക്ഷം രൂപ. അതെന്താ ഓസ്ട്രേലിയയില്‍ മുല്ലപ്പൂവിന് വിലക്കുണ്ടോ? മലയാളിയും മുല്ലപ്പൂവും തമ്മിലുള്ള ബന്ധം ഓസ്ട്രേലിയക്ക് അറിയില്ലേ?. കാരണമിതാണ്…

ഓസ്ട്രേലിയ ലോകത്തിലെ ഏറ്റവും കര്‍ശനമായ ബയോസെക്യൂരിറ്റി അഥവാ ജൈവസുരക്ഷ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ്. 2015-ലെ ബയോസെക്യൂരിറ്റി ആക്ട് പ്രകാരം സസ്യങ്ങളും പൂച്ചെടികള്‍, ഇലകള്‍, വിത്തുകള്‍ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് ഫോറസ്ട്രി (DAFF) ആണ് ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മ ജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതാണ് ഈ നിയന്ത്രണങ്ങളുടെ പ്രധാന കാരണം.

ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകളിലുള്ള വസ്തുക്കള്‍ ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ പരിശോധിക്കും. എല്ലാ യാത്രക്കാരും ‘ഇന്‍കമിംഗ് പാസഞ്ചര്‍ കാര്‍ഡ്’ പൂരിപ്പിക്കണം. അതില്‍ ഭക്ഷണം, സസ്യങ്ങള്‍, മൃഗ ഉല്‍പ്പന്നങ്ങള്‍, മരം, മണ്ണ് എന്നിവയുള്‍പ്പെടെ വസ്തുക്കള്‍ കയ്യിലുണ്ടെങ്കില്‍ ഡിക്ലയര്‍ ചെയ്യണം. ഈ വസ്തുക്കള്‍ എല്ലാം പരിശോധനക്ക് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അവ നശിപ്പിക്കുകയും ചെയ്യും.

പൂച്ചെടികളുടെ കാര്യത്തില്‍ ഫ്രഷ് കട്ട് ഫ്ളവേഴ്സ് ഇറക്കുമതി ചെയ്യാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമാണ്. അനുവദനീയമായ സ്പീഷിസുകളും പാര്‍ട്ടുകളും മാത്രമേ അനുവദിക്കൂ. ഇവയെ പെസ്റ്റ് മാനേജ്‌മെന്റ് വഴി ക്ളീന്‍ ചെയ്താണ് രാജ്യത്തേക്ക് കടത്തിവിടുന്നത്. മുല്ലപ്പൂവിന്റെയുള്ളില്‍ ഏതെങ്കിലും ഈച്ചയോ ജീവികളോ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ അത് ഓസ്ട്രേലിയയുടെ കൃഷിഭൂമിക്ക് ഭീഷണി തന്നെയാണ്. ഒരു ചെറിയ ഈച്ച മതി അവിടുത്തെ മില്യണ്‍ ഹെക്ടര്‍ ഭൂമി നശിക്കാന്‍.

നവ്യ നായരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് അതില്‍ എബിഎഫ് ഉദ്യോഗസ്ഥര്‍ മുല്ലപ്പൂവ് കണ്ടെത്തിയത്. പിഴയും ചുമത്തി പൂവ് നശിപ്പിച്ചുകളയുകയും ചെയ്തു. നമുക്ക് ആശ്ചര്യമാണെങ്കിലും ഓസ്‌ട്രേലിയ സര്‍ക്കാറിന് ഈ സംഭവം അവരുടെ ‘റൂട്ടിന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗം മാത്രമാണ്. Agriculture, Fisheries and Forestry ഡിപ്പാര്‍ട്‌മെന്റ് പിഴയെ കുറിച്ചും ബയോസെക്യൂരിറ്റി ലംഘനത്തിന്റെ ഗൗരവത്തെ കുറിച്ചും പാസഞ്ചര്‍മാര്‍ക്ക് അവബോധം വര്‍ധിപ്പിക്കാന്‍ കാമ്പയിനുകളും നടത്തിവരുന്നുണ്ട്. സമാനമായ സംഭവങ്ങള്‍ക്ക് ക്രിമിനല്‍ ചാര്‍ജ് വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!