ഒറെം, യൂട്ടാ : കൺസർവേറ്റീവ് യുവജന സംഘടനയായ ടേണിങ് പോയിൻ്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാർളി കിർക്കിന് വെടിയേറ്റതായി റിപ്പോർട്ട്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ടേണിങ് പോയിൻ്റ് യുഎസ്എ പബ്ലിക് റിലേഷൻസ് മാനേജർ ഓബ്രി ലെയ്റ്റ്ഷ് അറിയിച്ചു.

യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ സോറൻസെൻ സെന്‍ററിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്കിന് വെടിയേറ്റത്. “അമേരിക്കൻ തിരിച്ചുവരവ്”, “ഞാൻ തെറ്റാണെന്ന് തെളിയിക്കുക” എന്നീ ബാനറുകൾ ഉയർത്തി കിർക്ക് പ്രസംഗിക്കുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം. തുടർന്ന് വെടിയൊച്ച മുഴങ്ങുന്നതും കിർക്ക് കഴുത്തിലേക്ക് കൈ എത്തിക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

അമേരിക്കയിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ചാർളി കിർക്കിന് വെടിയേറ്റത്. ജൂണിൽ മിനസോട സംസ്ഥാന നിയമസഭാംഗത്തെയും അവരുടെ ഭർത്താവിനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതും, ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊളറാഡോയിൽ നടന്ന പരേഡിന് നേരെ ബോംബെറിഞ്ഞതും, ഏപ്രിലിൽ പെൻസിൽവേനിയ ഗവർണറും ജൂതനുമായ ഒരാളുടെ വീടിന് തീയിട്ടതും ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.