റെജൈന : വൻ തീപിടിത്തത്തിൽ ബഫല്ലോ പൗണ്ട് ലേക്കിലുള്ള മുൻ സസ്കാച്വാൻ പ്രീമിയർ ലോൺ കാൽവർട്ടിന്‍റെ വീട് കത്തിനശിച്ചു. 2001 മുതൽ 2007 വരെ സസ്കാച്വാൻ പ്രീമിയറായി സേവനമനുഷ്ഠിച്ച ലോൺ കാൽവർട്ടിന്‍റെ വീടിന്‍റെതായി അവശേഷിക്കുന്നത് കത്തിയ ഉരുക്കിന്‍റെയും കോൺക്രീറ്റിന്‍റെയും ശേഖരം മാത്രമാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. 45 മിനിറ്റിനുള്ളിൽ വീട് പൂർണ്ണമായി കത്തിനശിച്ചു. എന്നാൽ, തീ അയൽപക്കത്തുള്ള മറ്റു വീടുകളിലേക്ക് പടർന്നിട്ടില്ല.

അയൽക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തീപിടിത്ത സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും രക്ഷപ്പെടാൻ സാധിച്ചു. 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബെഥൂൺ വളണ്ടിയർ ഫയർ ഡിപ്പാർട്ട്‌മെൻ്റ് സംഭവസ്ഥലത്ത് എത്തിയെങ്കിലും തീ അണയ്ക്കാൻ സാധിച്ചില്ല.