ഓട്ടവ : രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ വംശജയായ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോ (സിപിഎസ്ഒ). ഒൻ്റാരിയോ കനാറ്റയിൽ എക്സിക്യൂട്ടീവ് ഹോളിസ്റ്റിക് ക്ലിനിക് നടത്തിയിരുന്ന ഡോ. സുമൻ ഖുൽബെയാണ് കുറ്റാരോപിത. രോഗികളെ രോഗികളായി പരിഗണിക്കുന്നതിൽ ഡോ. സുമൻ വീഴ്ച വരുത്തിയെന്നും പ്രൊഫഷണൽ എത്തിക്സ് പാലിച്ചില്ലെന്നും അച്ചടക്ക സമിതി കണ്ടെത്തി. അതേസമയം അഞ്ച് വർഷത്തോളം നീണ്ടുനിൽക്കുന്ന വിലക്ക് ഒഴിവാക്കാൻ അപ്പീൽ നൽകുമെന്ന് ഡോ. സുമൻ പറയുന്നു. 2001-ൽ ഫാമിലി ഫിസിഷ്യനായാണ് ഡോ. സുമൻ ഖുൽബെ തന്‍റെ കരിയർ ആരംഭിച്ചത്. താമസിയാതെ ഒൻ്റാരിയോ കനാറ്റയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് തുറന്നു. 2018 ൽ, ഫാമിലി പ്രാക്ടീസ് ഉപേക്ഷിച്ച്, റീജനറേറ്റീവ് മെഡിസിൻ, പെപ്റ്റൈഡ് തെറാപ്പി, ആൻ്റി-ഏജിങ് ചികിത്സകൾ, ബയോഹാക്കിംഗ് ടെക്നിക്കുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ എക്സിക്യൂട്ടീവ് ഹോളിസ്റ്റിക് ക്ലിനിക്കിന് തുടക്കമിട്ടു.

2015 ൽ ഖുൽബെയെ കണ്ടുമുട്ടിയ ഒരു ജിം പരിശീലകനാണ് ഏറ്റവും ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നതെന്ന് ട്രൈബ്യൂണൽ രേഖകൾ വ്യക്തമാക്കുന്നു. വിറ്റാമിൻ തെറാപ്പിക്കെത്തിയ ജിം ട്രെയിനറുമായി ഡോ. സുമൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി ട്രൈബ്യൂണൽ കണ്ടെത്തി. കൂടാതെ ഡോ. സുമൻ തന്‍റെ ക്ലിനിക്കിൽ മദ്യസൽക്കാരമടങ്ങിയ പാർട്ടികൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പരിശീലകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഡോ. സുമൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോയിൽ മൊഴി നൽകിയിരുന്നു. പക്ഷേ അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും അവർ പറയുന്നു. ഖുൽബെയ്ക്ക് മറ്റ് രോഗികളുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നും, അവരിൽ രണ്ട് പേരുമായി അവർ ബിസിനസ്സ് ബന്ധങ്ങളിൽ ഏർപ്പെട്ടതായും പാനൽ കണ്ടെത്തി. ചില കേസുകളിൽ, അവർ രോഗികളോട് സ്നേഹം പ്രകടിപ്പിക്കുകയും വൈദ്യചികിത്സ നൽകുകയും ചെയ്തു. ഇത്തരം പെരുമാറ്റം പ്രൊഫഷണൽ എത്തിക്സിന്‍റെ ഗുരുതര ലംഘനമാണെന്നും ട്രൈബ്യൂണൽ പറയുന്നു. ഒരു രോഗിയുമായി അവർക്ക് ലൈംഗിക ബന്ധവും മറ്റുള്ളവരുമായി ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ഉണ്ടായിരുന്നു, ട്രൈബ്യൂണൽ വിധിയിൽ വ്യക്തമാക്കി.
