ടൊറൻ്റോ : ആയിരങ്ങൾ വീണ്ടും ഒത്തുകൂടി ടൊറൻ്റോയിലെ മഹാഓണത്തിന്. ലെവിറ്റേറ്റ് ഒരുക്കിയ മഹാഓണത്തിലൂടെ ടൊറൻ്റോ നഗരം സാക്ഷ്യംവഹിച്ചത് നഗരത്തിന്‍റെ ഉൽസവചരിത്രത്തിലേക്ക് കേരളത്തിന്‍റെയും മലയാളത്തിന്‍റെയും നടന്നുകയറ്റമായിരുന്നു. കഴിഞ്ഞ വർഷം യങ്-ഡണ്ടാസ് സ്ക്വയർ സാക്ഷ്യംവഹിച്ചത് റെക്കോർഡ് ആൾക്കൂട്ടമായിരുന്നു. ഇക്കുറി സങ്കോഫ സ്ക്വയറിൽ കാത്തുവച്ചിരുന്ന വിസ്മയചെപ്പ് കേരളത്തിൽനിന്ന് എത്തിച്ച ‘കൊമ്പനാ’യിരുന്നു. രാവിലെ കേളികൊട്ടിനു പിന്നാലെ ഗജവീരന് പേരിട്ടു- മഹാകൊമ്പൻ. ഗജശ്രേഷ്ഠൻ കാച്ചാംകുറിശ്ശി കേശവന്‍റെ മട്ടും ഭാവത്തിലുമാണ് ഈ റോബോട്ടിക് ആനയുടെ നിൽപും ഭാവവും. വിദേശികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ മഹാകൊമ്പനെ കാണാനെത്തി, ഒപ്പംനിന്നു ചിത്രങ്ങളുമെടുത്തു.
പന്ത്രണ്ടു മണിക്കൂറോളം നീണ്ട കലാസദ്യ ഒന്നിനൊന്നു മെച്ചമായിരുന്നു. ഇതോടൊപ്പം ഇതാദ്യമായി ഇവിടെ കേരള കറി ഹൗസിന്‍റെയും ടേസ്റ്റ് ഓഫ് മലയാളീസിന്‍റെയും നേതൃത്വത്തിൽ ഓണസദ്യയും വിളമ്പി. കുടുംബമായി പരിപാടികൾ ആസ്വദിക്കുന്നതിനായി ടൊറൻ്റോ പൊലീസും സ്കോഫ് സ്ക്വയർ സെക്യൂരിറ്റി ടീമുമായി മികച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ടൊറൻ്റോ സിറ്റിയുടെ കൂടി ഫണ്ടിങ്ങോടെയായിരുന്നു ഇത്തവണത്തെ മഹാഓണം.

കാനഡയിലെ ഏറ്റവും വലിയ നഗരത്തിൽ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് ഒരുക്കുന്ന മഹാഓണം അക്ഷരാർത്ഥത്തിൽ സംഘാടന മികവ് കൊണ്ടും ആളുകളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്ത കലാ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. മുപ്പതിലേറെ ടീമുകളാണ് വിവിധ കലാ-സാംസ്കാരിക പരിപാടികളും ബാൻഡും ഡിജെയുമെല്ലാം ഒരുക്കിയത്. കലാപരിപാടികൾ തിരഞ്ഞെടുത്തത് കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻകൂടിയായ കെ. മധുവിന്‍റെ നേതൃത്വത്തിലാണ്. കലാനിലയം കലാധരൻ മാരാരും സംഘവുമാണ് മേളവിസ്മയം തീർത്തത്. പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ സംഘടനകളും മറ്റും പങ്കെടുക്കുന്ന ഘോഷയാത്രയുമുണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത ടീമുകൾ മൽസരാവേശത്തിലാണ് അണിനിരന്നത്. ചെണ്ടമേളവും മാവേലിയും വാമനനും കേരളീയ കലാരൂപങ്ങളുമെല്ലാം ഘോഷയാത്രകളെ ഒന്നിനൊന്ന് ആകർകമായി. ടീം കനേഡിയൻ ലയൺസാണ് മികച്ച ഘോഷയാത്രയ്ക്കുള്ള 1001 ഡോളർ സ്വന്തമാക്കിയത്.
പൊതുസമ്മേളനത്തിൽ കോൺസൽ അരുൺകുമാർ, സെനക്ക കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രശാന്ത് ശ്രീവാസ്തവ, മഹാഓണത്തിന്‍റെ മുഖ്യസംഘാടകൻ ജെറിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. കനേഡിയൻ ആദിമസമൂഹത്തിൽപ്പെട്ട ജെറാഡ് ബിഗ് കാനൂവിന്‍റെ ലാൻഡ് അക്നോളജ്മെന്റോടെയായിരുന്നു തുടക്കംകുറിച്ചതെന്നതും പ്രത്യേകതയായി. വൈദേശിക കലാ-സാംസ്കാരിക കൂട്ടായ്മകളെയും പരിപാടികളെയും ഇവിടുത്തുകാർ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിനുള്ള തെളിവുകൂടിയായി ഇത്.

ഇക്കുറി അമേരിക്കയിൽനിന്നൊരു മേളസംഘവും ഒൻ്റാരിയോ പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള ഒരു നൃത്തസംഘവുമെത്തിയിരുന്നു. വേദിയുടെയും മറ്റും കലാസംവിധാനം നിർവഹിച്ചത് കാനഡയിലെ പ്രമുഖ മലയാളി ശിൽപിയും ചിത്രകാരനുമായ ഗബ്രിയേൽ ജോർജിന്‍റെ നേതൃത്വത്തിലായിരുന്നു.
നാട്യാലയ, ടീം കനേഡിയൻ ലയൺസ്, ഡി തിയറ്റേഴ്സ്, മുദ്ര ഡാൻസ് സ്റ്റുഡിയോ, മല്ലൂമിനാറ്റീസ്, മയൂരാ ഡാൻസ്, ടീം സാത്വിക, നൃത്യപാദം, ഡാൻസിങ് ഡിവാസ്, തംറിക, നാട്യാഞ്ജലി, സ്പാർക്ലിംഗ് മെർമെയ്ഡ്സ്, ത്രയമ്പക, നാടൻ പൾസ്, എം.എൻ.എം വേഴ്സ്, ടി.ഡി ഗ്രൂവേഴ്സ്, ഷീ സ്റ്റ്രീറ്റ്, ജെ ലോഫ്റ്റ്, ഡാസ്ലേഴ്സ് എന്നിവരാണ് നൃത്തപരിപാടികൾ അവതരിപ്പിച്ചത്. ഓംകാർ (ടീം സകുര), ദി മേപിൾസ്, ഡൗൺടൗൺ, ബസൂക്ക, പ്രോഗ്‌വേദം എന്നീ ബാൻഡ് സംഘങ്ങളും വേദിയിലെത്തി. ജെ.ഡിയുടെ റാപ്പ്, ദി കേഡൻസിന്‍റെ വാദ്യസംഗീതം, ടീം ശക്തിയുടെ കൈകൊട്ടിക്കളി എന്നിവയായിരുന്നു മറ്റു പരിപാടികൾ. വല്ലാടൻ ലൈവിന്‍റെ ഡിജെയോടെയാണ് മഹാഓണത്തിന് കൊടിയിറങ്ങിയത്.

കേരളത്തിന്‍റെ വിളവെടുപ്പ് ഉൽസവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമെല്ലാം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടൊറൻ്റോയുടെ തിരുമുറ്റത്ത് ഒരുക്കിയ മഹാഓണം വടക്കൻ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറുകയായിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന വേദിയിൽ മലയാളികളുടേതായ കന്നി പരിപാടിയുമായിരുന്നു. രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കിയത്.

ലെംഫൈ മണി ട്രാൻസ്ഫർ, ഗ്രീസ് മല്ലു, റിയൽറ്റർ ജെഫിൻ വാലയിൽ ജോസഫ്, കോസ്കോ, എൽട്രോണോ, മൊണാക്കോ ബിൽഡേഴ്സ്, എൽട്രോണോ മീഡിയ, ചരൺ എന്‍റർപ്രൈസസ്, യോക് ഇമിഗ്രേഷൻ, മീ സ്മൈൽസ്, ഗോൾഡ് മാക്സ്, ലിസ, റോയൽ കേരള ഫുഡ്സ്, സെൻ്റ് ജോസഫ്സ് ഡെന്‍റൽ ക്ളിനിക്, കൊക്കാടൻസ് ഗ്രൂപ്പ്, എൻഡി പ്രഫഷനൽസ്, തറവാട് റസ്റ്ററൻ്റ്, ബോസ്കോ ട്രാൻസ്പോർട്സ്, ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോം തുടങ്ങിയവരായിരുന്നു പ്രായോജകർ.