ഓട്ടവ : മാർക്ക് കാർണിയുടെ ലിബറൽ സർക്കാരിനുള്ള ജനപിന്തുണ കുതിച്ചുയർന്നതായി പുതിയ സർവേ റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടെ ഒരു സർക്കാരിനും ലഭിച്ചിട്ടില്ലാത്ത ജനപിന്തുണയോടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ലിബറൽ സർക്കാർ പാർലമെൻ്റിന്‍റെ ശരത്കാല സമ്മേളനത്തിനെത്തുന്നത്. ജൂൺ മുതലുള്ള കാർണി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ “സെയിൻഫെൽഡ് വേനൽക്കാലം” എന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പരിഹസിക്കുന്നതിനിടെയാണ് പുതിയ സർവേ ഫലം പുറത്തുവരുന്നത്.

ഇപ്‌സോസ് നടത്തിയ പുതിയ സർവേ പ്രകാരം വേനൽക്കാലത്ത് കാർണി സർക്കാരിനുള്ള പിന്തുണ 10 പോയിൻ്റ് വർധിച്ച് 58 ശതമാനത്തിലെത്തിയതായി കണ്ടെത്തി. ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ അധികാരമേറ്റ ആദ്യ വർഷത്തിൽ 61% ജനപിന്തുണ ലഭിച്ചതിന് ശേഷം ഇത്രയും ഉയർന്ന പിന്തുണ ഇതുവരെ ഒരു സർക്കാരിനും ലഭിച്ചിട്ടില്ലെന്നും ഇപ്‌സോസ് സർവേ പറയുന്നു. സെപ്റ്റംബർ 5-8 തീയതികളിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 59% പേർ കാർണി സർക്കാരിനെ പിന്തുണച്ചു. 18-34 വയസ്സ് പ്രായമുള്ളവരിൽ കാർണി സർക്കാരിനുള്ള ജനപിന്തുണ 63 ശതമാനത്തിലെത്തിയെന്നും ഇപ്‌സോസ് സർവേ സൂചിപ്പിക്കുന്നു. എന്നാൽ, പ്രതിപക്ഷമായ കൺസർവേറ്റീവുകളും ബ്ലോക്ക് കെബെക്ക്വയും എൻഡിപിയും മുതലെടുക്കാൻ സാധ്യതയുള്ള ചില ദുർബലതകൾ കാർണി സർക്കാരിനുണ്ടെന്ന് ഇപ്‌സോസ് കണ്ടെത്തി. ആ ദുർബലതകൾ ഭവന പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവ്, സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളിലാണ്. ട്രൂഡോ സർക്കാർ ഈ വിഷയങ്ങളിൽ പരാജയപ്പെട്ടെങ്കിലും കാർണി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് പുതിയ സർവേ തെളിയിക്കുന്നു.