Tuesday, March 17, 2026

ഭവനപ്രതിസന്ധി: സർക്കാർ ഭൂമിയിൽ 4000 വീടുകൾ നിർമ്മിക്കും; മാർക്ക് കാർണി

ഓട്ടവ : രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ ഭൂമിയിൽ 4000 വീടുകൾ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പുതുതായി സൃഷ്ടിച്ച ബിൽഡ് കാനഡ ഹോംസ് ഏജൻസി വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ 1,300 കോടി ഡോളർ ബിൽഡ് കാനഡ ഹോംസ് ഏജൻസിക്ക് അനുവദിച്ചതായും മാർക്ക് കാർണി പറഞ്ഞു. ഫെഡറൽ സർക്കാർ ഉൾപ്പെടുന്ന ചിലവ് കുറഞ്ഞ ഭവന പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന പ്രധാന ഏജൻസിയാണ് ബിൽഡ് കാനഡ ഹോംസ്. മുൻ ടൊറൻ്റോ സിറ്റി കൗൺസിലറും ഡെപ്യൂട്ടി മേയറുമായ അന ബെയ്‌ലാവോയാണ് ഏജൻസിയുടെ സിഇഒ.

അടുത്ത വർഷം ഈ പദ്ധതിയിലെ ആദ്യ വീടിന്‍റെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണത്തിനായി ഉപയോഗിക്കാൻ കഴിയുന്ന സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വീടുകൾ എവിടെയൊക്കെ നിർമ്മിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നോവസ്കോഷയിലെ ഡാർട്ട്മൗത്ത്, കെബെക്കിലെ ലോങ്‌യുയിൽ, ഓട്ടവ, ടൊറൻ്റോ, വിനിപെഗ്, എഡ്മിന്‍റൻ എന്നിവിടങ്ങളിലായിരിക്കുമെന്ന് കാർണി പറഞ്ഞു.

“ഫാക്ടറി ബിൽഡ്, മോഡുലാർ, മാസ് ടിംബർ ഫാക്ടറി ബിൽഡ് ഹൗസിങ് എന്നിവയുൾപ്പെടെ ചെലവ് കുറഞ്ഞതും ആധുനികവുമായ നിർമ്മാണ രീതികൾക്ക് ബിൽഡ് കാനഡ ഹോംസ് മുൻഗണന നൽകും,” കാർണി പറഞ്ഞു. കൂടാതെ യുഎസ് താരിഫുകൾ നേരിടുമ്പോൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒരു മാർഗമായി കനേഡിയൻ മെറ്റീരിയലുകളുടെയും ഇൻപുട്ടുകളുടെയും ഉപയോഗത്തിന് മുൻഗണന നൽകുന്നതിനായി ഫെഡറൽ ഗവൺമെൻ്റ് അടുത്തിടെ പ്രഖ്യാപിച്ച “ബൈ കനേഡിയൻ” നയവും ഏജൻസി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!