വത്തിക്കാൻ : വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ. സെപ്റ്റംബർ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ. അഫ്രേം കുന്നപ്പളളിയാണ് പരിശുദ്ധ ലിയോ പാപ്പയുടെ കൂടെ പ്രധാന ആൾത്താരയിൽ സഹകാർമികനായത്. കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഈ അവസരം. ചടങ്ങിൽ ഇന്ത്യയിൽ കാർലോയുടെ മ്യൂസിയം ആരംഭിക്കുവാൻ മാർപാപ്പ തറ കല്ല് വെഞ്ചിരിച്ചു നൽകി. ഇന്ത്യയിൽ നിന്ന് പ്രത്യേക ക്ഷണം ലഭിച്ച ഏക പുരോഹിതൻ എന്ന വിശിഷ്ട സ്ഥാനമാണ് ഫാ. എഫ്രേം കുന്നപ്പള്ളിക്ക് ലഭിച്ചത്.

2007-ൽ കാർലോ അക്കുത്തിസിന്റെ അമ്മയുമായി പരിചയപ്പെട്ട ഫാ. എഫ്രേം 2011-ൽ ഇംഗ്ലീഷിൽ കാർലോയുടെ ആദ്യ ജീവചരിത്രം രചിച്ചു. പിന്നീട് കാർലോയുടെ നാമകരണ നടപടികൾക്ക് തുടക്കമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി. 2013-ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസ്-ന്റെ നേതൃത്വവും ഫാ. എഫ്രേം ഏറ്റെടുത്തു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു. യുവാക്കളുടെ ഇടയിൽ വിശ്വാസം വളർത്താനായി, ഫാ. എഫ്രേം Carlo Voice Magazine ആരംഭിച്ചു. ഈ മാസികയുടെ ഓഫീസ് കാലടിക്കടുത്ത മരോട്ടിച്ചോട്‌യിലാണ്. കാർലോയെ കുറിച്ച് അദ്ദേഹം എഴുതിയ Highway to Heaven എന്ന പുസ്തകം ലോകത്തിലെ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് പോപ്പ് വെഞ്ചരിച്ചു. തുടർന്ന് വത്തിക്കാനിലെ ലൂർദ് ഗാർഡനിൽ നടന്ന വിരുന്നിൽ വത്തിക്കാൻ ഡിപ്ലോമാറ്റുകൾ, കാർഡിനാളുമാർ, മെത്രാന്മാർ, മന്ത്രിമാർ എന്നിവരോടൊപ്പം അച്ഛനും പ്രേത്യേകം പങ്കെടുത്തു. “ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂർവ്വ അനുഭവമാണ്,” എന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. കാർലോയുടെ ലാപ്‌ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ ഇപ്പോൾ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറമ്പിൽ, കാർഡിനാൾ പിസ്സബല്ല, കാർഡിനാൾ ക്ലീമിസ് മാർ ബസ്സേലിയോസ് ബാവ, കാർഡിനാൾ ലുയ്‌സ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടേയും പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചതായി ഫാ. എഫ്രേം വ്യക്തമാക്കി. പാപ്പ ഫ്രാൻസിസ് തന്നെ ഇന്ത്യൻ നൂൺഷ്യേറ്റർ വഴി “Carlo Brother” എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.