മൺട്രിയോൾ : പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മൺട്രിയോളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ ട്രെയിൻ ഇടിച്ച് മരിച്ചതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. കേൾവിക്കുറവുള്ള 62 വയസ്സുള്ള ഗൈലൈൻ ബൗലാംഗർ, 66 വയസ്സുള്ള എലീസ് ബെനാർഡ് എന്നിവരാണ് മരിച്ചത്. മെസാവോ ഫ്രിയോയിലെ ബാക്വിറോസ് സ്റ്റേഷന് സമീപം ശനിയാഴ്ച ഒരു നദിക്കരയിൽ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് ഇരുവർക്കുമൊപ്പം രണ്ടു പേരുകൂടി ഉണ്ടായിരുന്നതായും അവർക്ക് പരുക്കേറ്റിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ട്രാക്കിൽ നിന്ന് ചിത്രങ്ങൾക്ക് എടുക്കുന്നതിനിടെയാണ് ഇരുവരെയും ട്രെയിൻ ഇടിച്ചത്. ട്രെയിൻ കണ്ടക്ടർ ഹോൺ മുഴക്കി ബ്രേക്ക് പ്രയോഗിച്ചെങ്കിലും കൃത്യസമയത്ത് നിർത്താൻ കഴിഞ്ഞില്ല. കേൾവിക്കുറവ് ഉള്ളതിനാൽ ട്രെയിനിന്‍റെ ശബ്‍ദം ഇരുവർക്കും കേൾക്കാൻ സാധിച്ചില്ല.

കോൺസുലാർ ഉദ്യോഗസ്ഥർ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. കോൺസുലാർ സഹായം നൽകുന്നതിന് ഇരുവരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.