ഓട്ടവ : കാനഡയിലെ ഭവന വിപണി തിരിച്ചുവരവിന്‍റെ സൂചന നൽകി ഓഗസ്റ്റിൽ തുടർച്ചയായ അഞ്ചാം മാസവും വീടുകളുടെ വിൽപ്പനയിൽ വർധനവുണ്ടായതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട് ചെയ്തു. രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന വീടുകളുടെ വിൽപ്പനയിലെ കുറവ് നികത്തി ജൂലൈയേക്കാൾ 1.1% വർധനവാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. കഴിഞ്ഞ മാസം ദേശീയതലത്തിൽ 40,714 വീടുകളുടെ വിൽപ്പനയാണ് നടന്നത്. 51,145 വീടുകൾ വിറ്റ 2021-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഓഗസ്റ്റിൽ നടന്നത്.

ടൊറൻ്റോ മേഖലയിലെ ഇടിവ് നികത്തിക്കൊണ്ട് മൺട്രിയോൾ, വൻകൂവർ, ഓട്ടവ എന്നിവിടങ്ങളിലെ വിൽപ്പന കുതിച്ചുയർന്നു. അതേസമയം, രാജ്യത്തുടനീളം കൂടുതൽ വീട്ടുടമസ്ഥർ അവരുടെ സ്വത്തുക്കൾ വിൽപ്പനയ്ക്ക് വച്ചു. ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള പുതിയ ലിസ്റ്റിങ്ങുകൾ 2.6% ഉയർന്ന് 79,527 യൂണിറ്റുകളായി. ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച്, രാജ്യത്തുടനീളമുള്ള സാധാരണ ഭവന വില 3.5% കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് അസോസിയേഷൻ അറിയിച്ചു. ദേശീയ ഭവന വില ജൂലൈ മുതൽ ഓഗസ്റ്റ് വരെ 0.1% ഇടിഞ്ഞ് 687,300 ഡോളറായി. ടൊറൻ്റോയിലെയും വൻകൂവറിലെയും അവയുടെ അയൽ പ്രാന്തപ്രദേശങ്ങളിലെയും വീടുകളുടെ വിലകൾ കുറഞ്ഞു. അതേസമയം പ്രൈറീസിലും അറ്റ്ലാൻ്റിക് കാനഡയിലും വീടുകളുടെ വില വർധിച്ചതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.